Sunday, 3 March 2024

ദൈവവിളി - സിദ്ധിയും സാധനയും വിശാലമായ അര്‍ത്ഥത്തില്‍

 ദൈവവിളി - സിദ്ധിയും സാധനയും വിശാലമായ അര്‍ത്ഥത്തില്‍ 

വിശാലമായ അര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ ഓരോ ഇടപെടലും ദൈവവിളിയാണ്. എന്നാല്‍ സവിശേഷമായ അര്‍ത്ഥത്തില്‍ ജീവിതാന്തസ്സ് എന്ന അര്‍ത്ഥത്തിലാണ് ദൈവവിളി എന്ന പദം നാം വ്യവഹരിച്ചുപോരുന്നത്. 

ദൈവവിളി - പഴയ നിയമത്തില്‍ 

ദൈവം തന്റെ ദൗത്യം തുടരാന്‍ ചിലരെ പ്രത്യേകമായവിധം വിളിക്കുന്നു. പഴയനിയമകാലം മുതല്‍ മനുഷ്യന്റെ ജീവിതത്തില്‍ ദൈവം നേരിട്ട് ഇടപ്പെടുന്നതായി കാണാം. അസ്ഥിത്വത്തിലേക്കുള്ള മനുഷ്യന്റെ വിളി വിശുദ്ധ ബൈബിളില്‍ നാം കാണുന്നത് ആദത്തിന്റെ വിളിയിലാണ്. തുടര്‍ന്ന് നോഹ, അബ്രാഹം, മോശ, ജോഷ്വാ എന്നിവരെയും ന്യായാധിപന്മാരെയും രാജാക്കന്മാരെയും പ്രവാചകന്മാരെയും പ്രത്യേകമായി ദൈവം വിളിക്കുന്നതായി കാണാം. ദൈവത്തിന്റെ വിളിയുടെ മാനദണ്ഡം മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമാണ്. ശിഷ്യന്മാരുടെ തെരഞ്ഞെടുപ്പിന് സംബന്ധിച്ച് മര്‍ക്കോസ് സുവിശേഷകന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. ''പിന്നെ അവന്‍ മലമുകളിലേക്ക് കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു'' (മര്‍ക്കോ 3: 13). 

ദൈവം വിളിക്കുന്നത് തനിക്ക് ഇഷ്ടമുള്ളവരെയാണ്. താന്‍ ഉദ്ദേശിച്ച ദൗത്യം തുടരാനാകും എന്ന് ദൈവത്തിന് ബോധ്യമാകുന്നവരെ അവന്‍ വിളിക്കുന്നു. പഴയനിയമത്തിലെ ഓരോ വ്യക്തികളുടെ വിളിയും യേശുവിലൂടെ പൂര്‍ത്തീകരിക്കാനിരിക്കുന്ന രക്ഷാകരസംഭവത്തിനായി ഒരു പ്രത്യേക ജനവിഭാഗത്തെ ഒരുക്കുന്നതിനുള്ള ദൈവനിയോഗങ്ങളായിരുന്നു. അതിന്റെ ആദ്യപടിയായി പാപത്തിലേക്ക് കൂപ്പുകുത്തിയ ജനതതിയെ ജലപ്രളയത്തിലൂടെ ശുദ്ധീകരിക്കാന്‍ നോഹയെ ദൈവം തെരഞ്ഞെടുത്തു. തുടര്‍ന്നങ്ങോട്ട് വാഗ്ദത്തനാടിന്റെ വാഗ്ദാനമേകി അബ്രാഹം, മോശ, ജോഷ്വാ തുടങ്ങിയവരെ ജനത്തിന്റെ നേതാക്കന്മാരായി തെരഞ്ഞെടുത്തുയര്‍ത്തി. ദൈവികപദ്ധതിയില്‍നിന്ന് വ്യതിചലിച്ച് വിഗ്രഹാരാധനയിലേക്കും തുടര്‍ന്ന് പാപത്തിന്റെ അടിമത്തത്തിലേക്കും നീങ്ങിയ ഇസ്രായേല്‍ജനത്തെ ദൈവികതയിലേക്ക് പുനരാനയിക്കുക എന്ന ദൗത്യമാണ് ന്യായാധിപന്മാര്‍ക്കും തുടര്‍ന്ന് രാജാക്കന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ടത്. യേശുവിന് വഴിയൊരുക്കാന്‍ വന്ന സ്‌നാപകയോഹന്നാന്‍വരെ എത്തിനില്‍ക്കുന്ന ദൈവിക തെരഞ്ഞെടുപ്പിന്റെ ഒരു ശൃംഖലതന്നെ പഴയ നിയമത്തില്‍ കാണാന്‍ കഴിയും. യേശുവിന്റെ രംഗപ്രവേശത്തോടെ സ്‌നാപകന്‍ വിടവാങ്ങുന്നു.

ദൈവത്തിന്റെ സവിശേഷമായ ഈ വിളികളിലെല്ലാം നാല് പ്രധാന ഘടകങ്ങള്‍ കാണാന്‍ കഴിയും. 

1. ലൗകിക മാനദണ്ഡളൊന്നും നോക്കാതെ ദൈവം ചിലരെ വിളിക്കുന്നു. 

2. വിളിച്ചവരെ അവിടുന്ന് വിശുദ്ധീകരിക്കുന്നു. 

3. വിശുദ്ധീകരിച്ചവരെ അവിടുന്ന് തന്റെ ദൗത്യം ഭരമേല്പിക്കുന്നു. 

4. ദൗത്യനിര്‍വ്വഹണത്തിന് പരിശുദ്ധാത്മാവിനാല്‍ അഭിഷേചിച്ച് ശക്തിപ്പെടുത്തുന്നു. 

ദൈവത്തിന്റെ വിളികളിലും തെരഞ്ഞെടുപ്പുകളിലും കാണുന്ന സവിശേഷതകളാണിവ.

ദൈവവിളി - പുതിയ നിയമത്തില്‍ 

തന്റെ ദൗത്യത്തെക്കുറിച്ച് വ്യക്തമായ അവബോധമുണ്ടായിരുന്ന യേശു, സ്‌നാപകനില്‍നിന്ന് സ്‌നാനം സ്വീകരിച്ച് പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനായി നാല്പതുനാള്‍ മരുഭൂമിയില്‍വച്ച് നടത്തിയ ഒരുക്ക ശുശ്രൂഷയ്ക്കുശേഷം നസറത്തിലെ സിനഗോഗിലെത്തുന്നു. ഏശയ്യായുടെ പ്രവചനഗ്രന്ഥം വായിച്ച്  തനിക്ക് ബോധ്യമുള്ളതും പ്രവാചകന്‍ പ്രവചിച്ചതുമായ തന്റെ ദൗത്യം പരസ്യമായി പ്രഖ്യാപിക്കുന്നതായി ലൂക്കാ സുവിശേഷകന്‍ വ്യക്തമാക്കുന്നു. ''കര്‍ത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്, ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്ന് അയച്ചിരിക്കുന്നു'' (ലൂക്കാ. 4: 18-19). പിന്നീടങ്ങോട്ട് ഈ ദൗത്യത്തിന്റെ പൂര്‍ത്തീകരണമാണ് യേശുവിന്റെ പ്രവര്‍ത്തനത്തിലുടനീളം നമുക്ക് കാണാന്‍ കഴിയുക. 

യേശുവിന്റെ സൗഖ്യശുശ്രൂഷകള്‍ ശാരീരിക-മാനസിക തലങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നായിരുന്നില്ല, മറിച്ച് എല്ലാ മനുഷ്യരെയും ദൈവരാജ്യാനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പര്യാപ്തമായവിധം ആത്മീയവും സ്വര്‍ഗ്ഗപ്രാപ്തിയോളം വിശാലവുമായിരുന്നു. ''അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ലോകത്തെ സ്‌നേഹിച്ച'' (യോഹ. 3: 16) പിതാവിന്റെ സ്വപ്നം ഹൃദയത്തിലേറ്റുവാങ്ങിയാണ് യേശു തന്റെ പ്രവര്‍ത്തനങ്ങളോരോന്നും ക്രമീകരിച്ചത്. പിതാവിന്റെ ആധികാരികതയോടെ തന്റെ ദൗത്യം തുടര്‍ന്ന യേശു തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയത് ഇപ്രകാരമാണ്: ''സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: പിതാവ് ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ പിതാവ് ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു'' (യോഹ. 5: 19).

കുരിശില്‍ ആത്മബലയിര്‍പ്പിച്ച് തന്റെ ദൗത്യം പൂര്‍ത്തീകരിച്ച യേശു, യുഗാന്ത്യംവരെ തുടര്‍ന്നുപോകേണ്ട പ്രേഷിതദൗത്യം ശിഷ്യന്മാരെ ഭരമേല്പിച്ചുകൊണ്ടാണ് വിടവാങ്ങിയത്. ''അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങുംപോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും. വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും. അവന്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്ത് കുടിച്ചാലും അതവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെ മേല്‍ കൈകള്‍വക്കും. അവര്‍ സുഖംപ്രാപിക്കുകയും ചെയ്യും'' (മര്‍ക്കോ. 16: 17-18). 

ദൈവവിളി - തിരുസഭയില്‍ 

യേശുവില്‍നിന്ന് പ്രേഷിതദൗത്യം സ്വീകരിച്ച അപ്പസ്‌തോലന്മാര്‍, പരിശുദ്ധാത്മാവിന്റെ സവിശേഷമായ ആവാസത്താല്‍ ശക്തരായി, ജീവന്‍ ത്യജിച്ചുപോലും ദൗത്യനിര്‍വ്വഹണത്തിനായി തങ്ങളെത്തന്നെ സജ്ജരാക്കുന്ന ചിത്രമാണ് അപ്പസ്‌തോലപ്രവര്‍ത്തനങ്ങളിലുടനീളവും സ്‌തേഫാനോസിന്റെ രക്തസാക്ഷിത്വം  മുതല്‍ പ്രത്യേകമായും നമുക്ക് കാണാന്‍ കഴിയുക. പത്രോസ്ശ്ലീഹ തലകീഴായി ക്രൂശിക്കപ്പെട്ടു. പൗലോസ്ശ്ലീഹ വാളിനിരയായി. തോമാശ്ലീഹ കുന്തത്താല്‍ ചങ്കുപിളര്‍ക്കപ്പെട്ടു. വിളിച്ചവനോടുള്ള വിശ്വസ്തതയാല്‍ ജീവന്‍ പണയംവെച്ചുപോലും തങ്ങളുടെ പ്രേഷിതദൗത്യം തുടര്‍ന്നുകൊണ്ടുപോകുന്ന അപ്പസ്‌തോലസമൂഹത്തെ നമുക്കിവിടെ കാണാന്‍ കഴിയും.  യേശുവിന്റെ പിന്തുടര്‍ച്ചയായ തിരുസ്സഭയിലൂടെ പ്രത്യേകിച്ച്, ശുശ്രൂഷാപൗരോഹിത്യത്തിലൂടെ യേശു തന്റെ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അപ്പസ്‌തോലന്മാര്‍ക്കുശേഷവും ദൈവികമായ തെരഞ്ഞെടുപ്പിന്റെ മര്‍മ്മം തിരിച്ചറിഞ്ഞ വ്യക്തികള്‍ സുവിശേഷ ദൗത്യവുമായി ഇറങ്ങിത്തിരിച്ചതിന്റെ ഉദാഹരണങ്ങള്‍ തിരുസ്സഭാചരിത്രത്തിലുടനീളം കാണാന്‍ കഴിയും. അഗസ്തീനോസ്, ഇഗ്നേഷ്യസ് ലെയോള, ഫ്രാന്‍സിസ് സേവ്യര്‍, കൊച്ചുത്രേസ്യ, ഫാ. ഡാമിയന്‍, മദര്‍ തെരേസ, ജോണ്‍ മരിയ വിയാനി, ചാവറയച്ചന്‍ തുടങ്ങിയവരെല്ലാം യേശുവിന്റെ പ്രേഷിതദൗത്യം ഏറ്റെടുത്ത് വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ടവരാണ്. 

ഈ അത്യന്താധുനിക കാലഘട്ടത്തിലും ദൈവവിളിയുടെ സ്വരം തിരിച്ചറിഞ്ഞ് യേശുവിന്റെ രക്ഷാകരദൗത്യം ഈ ഭൂമിയില്‍ തുടരാന്‍ പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കും അവിടുന്ന്  അനേകരെ വിളിക്കുന്നു. ഇംഗ്ലണ്ടിലെ ആഗോളപ്രശസ്തമായ വാര്‍ത്താചാനലായ ബി.ബി.സി. യിലെ പത്രപ്രവര്‍ത്തയായിരുന്ന മര്‍ട്ടീന പേഡി അയര്‍ലണ്ടിലെ ആരാധനാമഠത്തില്‍ അര്‍ത്ഥിനിയായി ചേര്‍ന്നപ്പോള്‍ ലോകം അമ്പരന്നു. സത്യദീപം എഡിറ്ററായിരുന്ന ഫാ. ആന്റണി നരികുളം 2016 ഒക്‌ടോബര്‍ 21ന് അവരുമായി നടത്തിയ അഭിമുഖത്തില്‍ ഈ തെരഞ്ഞെടുപ്പിന്റെ കാരണത്തെക്കുറിച്ച് അവര്‍ പറഞ്ഞത് ഇപ്രകാരമാണ്: ''ഞാന്‍ വളരെ പ്രശസ്തയായ പത്രപ്രവര്‍ത്തകയായിരുന്നപ്പോഴും എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ആരോ എന്റെ ഉള്ളില്‍ ഇപ്രകാരം മന്ത്രിച്ചുകൊണ്ടിരുന്നു. 'എലലറ ാ്യ വെലലു'െ ഞാന്‍  അതിനെക്കുറിച്ച് പലരോടും ചോദിച്ചപ്പോള്‍, അത് നിന്റെ വെറും തോന്നലായിരിക്കും, അതിനെക്കുറിച്ച് മറന്നുകളയുക എന്നെല്ലാമാണ് പറഞ്ഞത്. എന്നാല്‍, ഈ ഉത്തരങ്ങളൊന്നും എന്നെ തൃപ്തയാക്കിയില്ല. ഞാനെന്റെ അന്വേഷണം തുടര്‍ന്നു. അതെന്നെ ഈ മഠത്തിലെത്തിച്ചു''. ഇതുപറഞ്ഞ് മറ്റു രണ്ട് അര്‍ത്ഥിനികളെക്കൂടി പരിചയപ്പെടുത്തി. ഒരു കോളജ് അദ്ധ്യാപികയെയും ഒരു വക്കീലിനെയും. 

ദൈവത്തിന്റെ വിളിയും തെരഞ്ഞെടുപ്പും ആര്‍ക്കും നിരാകരിക്കാനാവില്ല. ദൈവവിളി ലോകത്തിന്റെ ദൃഷ്ടിയില്‍ ഭോഷത്തമായി തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അതൊരു നിധി കണ്ടെത്തലാണ്. ''അതു കണ്ടെത്തുന്നവര്‍ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യും'' (മത്താ. 13: 44). ദൈവത്തെ ജീവിതനിധിയായി സ്വീകരിച്ച് അവന്റെ പിന്നാലെ ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് സങ്കീര്‍ത്തകനോട് ചേര്‍ന്ന് ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ കഴിയും. ''ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു. ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു. കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും കര്‍ത്താവിന്റെ ആലയത്തില്‍ അവിടുത്തെ ഹിതം ആരായാനുംവേണ്ടി ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍തന്നെ'' (സങ്കീ. 27; 4). 

ദൈവവിളിയുടെ യോഗ്യത 

തന്നെ അടുത്തനുഗമിക്കാന്‍ ആഗ്രഹിക്കുന്നവരുടെ അടിസ്ഥാനയോഗ്യതയായി യേശു എടുത്തുപറയുന്നത,് സ്വന്തം കുരിശെടുത്ത് അവനെ അനുപദം അനുഗമിക്കാനുള്ള മനസ്സാണ്. ''യേശു ശിഷ്യന്മാരോട് അരുളിചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അത് നഷ്ടപ്പെടുത്തും. എന്നാല്‍ ആരെങ്കിലും എനിക്കുവേണ്ടി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അത് കണ്ടെത്തും'' (മത്താ. 16: 24-25). ദൈവം വിളിക്കുന്നവരുടെ അടിസ്ഥാന യോഗ്യതകളൊന്നും ലൗകിക മാനദണ്ഡങ്ങളല്ല. മീന്‍ പിടിക്കാന്‍ മാത്രമറിയാവുന്ന പത്രോസില്‍, തനിക്കുവേണ്ടി കുരിശില്‍ തറയ്ക്കപ്പെടാന്‍പോലും സന്നദ്ധമായ  സഹനശക്തിയുള്ള വലിയ മുക്കുവനെ ദൈവം കണ്ടു. തൊട്ടറിഞ്ഞ് മാത്രം വിശ്വസിക്കാന്‍ കഴിയുന്ന തോമായില്‍, അന്ധവിശ്വാസിയെ വിശ്വാസിയാക്കുന്ന  രക്തസാക്ഷിയുടെ കരളുറപ്പ് ദൈവം ദര്‍ശിച്ചു. ഫ്രാന്‍സിലെ യുവഹൃദയങ്ങളെ കോള്‍മയിര്‍കൊള്ളിച്ച ഫ്രാന്‍സിസ് അസ്സീസിയില്‍ രണ്ടാം ക്രിസ്തുവിനെയും കല്‍ക്കട്ടായിലെ മദര്‍തെരേസായില്‍ പാവങ്ങളെ നെഞ്ചിലേറ്റുന്ന അമ്മ സാന്നിധ്യത്തെയും ദൈവത്തിന് കാണാന്‍ കഴിഞ്ഞു. 

വെല്ലുവിളികള്‍ 

ദൈവത്തിനായി ജീവിതം സമര്‍പ്പിക്കാനൊരുങ്ങുന്ന സഹോദരാ, സഹോദരി, നീ ദൈവത്തിന്റെ വിളിക്കായി കാതോര്‍ക്കുമ്പോള്‍ നിന്നെ ചൂഴ്ന്നുനില്‍ക്കുന്ന വെല്ലുവിളികളെക്കുറിച്ച് നീ ബോധവാനാകണം. ചോരയും നീരും മജ്ജയും മാംസവുമുള്ള പച്ച മനുഷ്യനായ നിന്നെ വിളിയില്‍നിന്ന് പിന്തിപ്പിക്കാനുള്ള പ്രലോഭനങ്ങള്‍ നിനക്കു ചുറ്റുമുണ്ട്. വിളിയോടൊപ്പം നിനക്ക് നല്‍കപ്പെടുന്ന പരിശുദ്ധാത്മശക്തിലാശ്രയിച്ച് ദൈവത്തെ മുറുകെപിടിച്ചുകൊണ്ട് മുന്നേറുക. സര്‍വ്വോപരി, ദൈവപിതാവിനെ സ്വന്തം ആത്മാവില്‍ സംവഹിക്കുകയും പിതാവിനായി സമ്പൂര്‍ണ്ണ സമര്‍പ്പണം ചെയ്യുകയും ചെയ്ത യേശുവിന്റെ മാധ്യസ്ഥവും അവന്‍ അനുസ്യൂതമായി നമ്മിലേക്ക് വര്‍ഷിക്കുന്ന പരിശുദ്ധാത്മാശക്തിയും സമര്‍പ്പിതവഴികളില്‍ നമ്മെ കാത്തുകൊള്ളും. ''പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിന്'' (യോഹ. 17: 22) ദൈവപിതാവിനോട് പ്രാര്‍ത്ഥിച്ച യേശു, ഓരോ സമര്‍പ്പിതാത്മാവിനെയും തന്റെ ഹൃദയത്തില്‍ സംരക്ഷിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. 

സാധ്യതകള്‍ 

വ്യക്തമായ പ്രതിഫലവാഗ്ദാനം നല്‍കുന്ന ഒന്നാണ് ദൈവവിളി. ''പത്രോസ് പറഞ്ഞു: ഇതാ ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണ് ലഭിക്കുക?'' യേശു അവരോട് പറഞ്ഞു: ''സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍ എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ട് സിംഹാസനങ്ങളില്‍ ഇരിക്കും. എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ, സഹോദിരകളെയോ, പിതാവിനെയോ, മാതാവിനെയോ, മക്കളെയോ, വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും'' (മത്താ. 19: 28-29). ഉപേക്ഷകള്‍ക്കെല്ലാം നൂറിരട്ടി പ്രതിഫലവും സ്വര്‍ഗ്ഗീയസിംഹാസനത്തിന്റെ ഉറപ്പും നല്‍കുമെന്നതാണ് ദൈവവിളി നമുക്കു നല്‍കുന്ന ഉറപ്പ്. ദൈവത്തോടൊപ്പം ദൈവീകവഴിയിലൂടെ നടന്ന് ''ഒരുവന്‍പോലും നഷ്ടപ്പെടാതെ എല്ലാവരും രക്ഷിക്കപ്പെടണ''(യോഹ.3.16)മെന്ന യേശുവിന്റെ ഹൃദയസ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ആത്മദാഹത്തോടെ, നമ്മുടെ വിശ്വാസത്തിന്റെ പിതാവായ തോമാശ്ലീഹായോട് ചേര്‍ന്ന് നമുക്കും ചങ്കുറപ്പോടെ പറയാം ''അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം'' (യോഹ. 11: 13). 

നമ്മുടെ ദൈവവിളി തിരിച്ചറിയാനുള്ള 10 ലക്ഷണങ്ങള്‍

യേശു പറഞ്ഞു.''നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്''(യോഹ. 15:16) നമുക്കോരോരുത്തര്‍ക്കും ഒരു ദൈവവിളിയുണ്ട്. എന്നാല്‍, അത് എന്താണെന്ന് തിരിച്ചറിയുവാന്‍ നാം ശ്രമിക്കാറുണ്ടോ? നമ്മുടെ ജീവിതംകൊണ്ട് ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് നമ്മെ സൃഷ്ടിച്ച ദൈവത്തോടുതന്നെ ചോദിക്കുക എന്നതാണ് ദൈവവിളി തിരിച്ചറിയുവാനുള്ള പ്രഥമ മാര്‍ഗ്ഗം. നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥനകളില്‍, കുടുംബപ്രാര്‍ത്ഥനയില്‍, ബലിയര്‍പ്പണത്തില്‍ ഈ ആവശ്യം നാം സമര്‍പ്പിക്കുമ്പോള്‍ പരിശുദ്ധാത്മാവ് അത് നമുക്ക് വെളിപ്പെടുത്തിത്തരും. ചില പ്രേരണകളിലൂടെയായിരിക്കും ഇത് നാം തിരിച്ചറിയുക. 

ദൈവവിളി തിരിച്ചറിയുവാനുള്ള 10 അടയാളങ്ങള്‍ താഴെ പറയുന്നവയാണ്.

1. ദൈവനിയോഗം അറിയുവാനുള്ള അന്തര്‍ലീനമായ ഒരാഗ്രഹം നമ്മുടെ ഉള്ളില്‍ ഉണ്ടാകും.

2. നമ്മള്‍ ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നലിനെ പിഴുതുമാറ്റാന്‍ നമുക്കു കഴിയുകയില്ല.

3. നമ്മോട് വിശ്വസ്തരായവര്‍ക്കും നമ്മിലെ ദൈവവിളിയെക്കുറിച്ചു ബോധ്യമുണ്ടാകാന്‍ തുടങ്ങും.

4. നമ്മുടെ ദൈവനിയോഗം നമുക്കുവേണ്ടി മാത്രം ജീവിക്കുവാനുള്ളതായി നമുക്ക് തോന്നുകയില്ല.

5. ദൈവവിളിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ത്തന്നെ വലിയ അസ്വസ്ഥത അനുഭവപ്പെടുവാന്‍ തുടങ്ങും.

6. എന്നാല്‍, ക്രമേണ അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്കു ആശ്വാസം ലഭിച്ചു തുടങ്ങും.

7. നമ്മുടെ നിയന്ത്രണത്തിനപ്പുറമുള്ള ചില പ്രവര്‍ത്തനങ്ങള്‍ നമ്മെ ദൈവവിളിയിലേക്ക് നയിച്ചുകൊണ്ടിരിക്കും.

8. ദൈവവിളിക്ക് പ്രത്യുത്തരം കൊടുക്കണമെന്ന ചിന്ത നമ്മളില്‍ കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കും.

9. ദൈവവിളിയില്‍നിന്നും വേര്‍പ്പെട്ട കാര്യങ്ങളില്‍ വ്യാപൃതരാവുമ്പോള്‍ നമ്മുടെ ഹൃദയം അസ്വസ്ഥമാകുന്നത് നമുക്കു തിരിച്ചറിയുവാന്‍ കഴിയും.

10. 'നമ്മുടെ നിയന്ത്രണം ദൈവത്തിനേല്‍പ്പിക്കുന്നത് തടവറയല്ല, യഥാര്‍ത്ഥ സ്വാതന്ത്ര്യമാണെന്ന ബോധ്യം നമ്മളില്‍ പ്രബലപ്പെടാന്‍ തുടങ്ങും.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കാനും കൗദാശികജീവിതത്തില്‍ ആഴപ്പെടാനും ആഴ്ചയില്‍ ഒരു തവണയെങ്കിലും നമ്മുടെ ലഘുവായ പാപങ്ങള്‍പോലും ഏറ്റുപറഞ്ഞു കുമ്പസാരിക്കാനും ദിവ്യകാരുണ്യ ഈശോയുടെ മുമ്പില്‍ ശാന്തമായി പ്രാര്‍ത്ഥിക്കാനും സമയം കണ്ടെത്തണം. അപ്പോള്‍ ദൈവത്തിന്റെ വിളിയിലേക്ക് അവിടുന്ന് നമ്മെ നയിക്കും. ദൈവവിളിയില്‍ വലുപ്പ ചെറുപ്പങ്ങള്‍ക്ക് ഒരിക്കലും പ്രസക്തിയില്ല. സഭയെ നയിക്കുന്ന മാര്‍പാപ്പയും ദേവാലയം വൃത്തിയാക്കുന്ന ഒരു സാധാരണ മനുഷ്യനും ആരോരുമില്ലാത്ത ഒരാളെ ശുശ്രൂഷിക്കുന്ന വ്യക്തിയും ദൈവത്തിന്റെ ദൃഷ്ടിയില്‍ ഒരുപോലെ വിലയുള്ളവരാണ്. നമ്മുക്കു ലഭിച്ചിരിക്കുന്ന ദൈവവിളി എന്താണന്നതിനെ ആശ്രയിച്ചല്ല, പിന്നെയോ ആ വിളി എത്രമാത്രം വിശ്വസ്തതയോടെ നാം ഏറ്റെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും സ്വര്‍ഗ്ഗീയ സമ്മാനം നിശ്ചയിക്കപ്പെടുക.    

നമുക്കു ചര്‍ച്ച ചെയ്യാം 

1. പൗരോഹിത്യ-സന്യാസ ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? 

2. ഈ കാലഘട്ടത്തില്‍ പൗരോഹിത്യ-സന്യാസ ദൈവവിളികള്‍ കുറയുന്നതിനുള്ള കാരണങ്ങളെന്താണ്?

3. ആധുനിക കാലഘട്ടത്തില്‍ വൈദീകരുടെയും സന്യസ്തരുടെയും പ്രസക്തിയെന്ത്? 

നമുക്ക് പ്രവര്‍ത്തിക്കാം

  1. നമ്മുടെ കുടുംബകൂട്ടായ്മയില്‍നിന്ന് പൗരോഹിത്യവും സന്യാസവും സ്വീകരിച്ചവരെ വ്യക്തിപരമായി തിരിച്ചറിഞ്ഞ് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.
  2. നമ്മുടെ കുടുംബകൂട്ടായ്മയിലേക്ക് സമര്‍പ്പിതരെ ക്ഷണിച്ച് അവരുടെ പൗരോഹിത്യ സന്യാസ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാന്‍ അവസരം നല്‍കുക. 
  3. നമ്മുടെ കുടുംബ കൂട്ടായ്മകളിലെ നല്ല കുഞ്ഞുങ്ങളെ പൗരോഹിത്യ-സന്യാസ ജീവിതങ്ങളിലേക്ക് പ്രോത്സാഹിപ്പിക്കുക.      
  4. ദൈവവിളിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന നമ്മുടെ മക്കളെ നമ്മുടെ വാക്കുകളും സത്‌പ്രേരണകളുംവഴി പ്രോത്സാഹിപ്പിക്കുക. 

      


No comments:

Post a Comment

HISTORY OF - 'ST MARY'S MINOR SEMINARY, MADONA NAGAR -TRICHUR

   The priestly formation of the seminarians of the Archeparchy of Trichur is coordinated under the auspices of St. Mary’s Minor Seminary....