Sunday, 20 January 2019

ടൈം ഔട്ട്

അവസാനത്തെ അതിഥിയുടെ സങ്കട ഹർജിയും പരിഗണിച്ച് വെട്ടുകാട് കടലോരത്തെ ക്രിസ്തുരാജക്കോടതി രാത്രി വിശ്രമത്തിനു പിരിയുമ്പോൾ നേരം പാതിരയോടടുത്തിരുന്നു. കൊത്തുപണികൾ നിറഞ്ഞ കൂറ്റൻ വാതിലുകളടഞ്ഞു. വിളക്കുകൾ കണ്ണടച്ചു. തെക്കേയറ്റത്തെ സങ്കീർത്തിയിൽ മാത്രമാണ് ഇനി ഇത്തിരി  വെട്ടം ബാക്കിയുള്ളത്. ആളൊഴിഞ്ഞ മുറ്റത്തെ മണൽപ്പരപ്പിൽ കടൽക്കാറ്റ് മെല്ലെ വീശിക്കൊണ്ടിരുന്നു. കടൽക്കരയിൽ, വീടുപേക്ഷിച്ച നായ്ക്കളുടെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ ഒരു തോർത്തുമുണ്ടോ മീൻവലക്കീറോ മാത്രം തലയിണയാക്കി ചിലർ ശാന്തമായുറങ്ങിക്കൊണ്ടിരുന്നു. മുറ്റത്തെ ക്രിസ്തുരാജ പ്രതിമ മാത്രം വിശ്വസ്തനായ പടയാളിയെപ്പോലെ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ കണ്ണിലെണ്ണയൊഴിച്ചു കാത്തു നിന്നു.

അപ്പോഴും അവരഞ്ചു പേർ ആ തീരം വിട്ടു പോയിട്ടുണ്ടായിരുന്നില്ല. രണ്ടു പതിറ്റാണ്ടുകൾക്കു മുമ്പ് ഒരുമിച്ചു സെമിനാരിയിൽ ചേർന്നവരാണവർ. പരിശീലനത്തിന്റെ ആദ്യ നാളുകളിൽ നാലു ഫുട്ബോൾ ടീമുണ്ടാക്കാൻ തക്കവണ്ണം ബഹുലമായിരുന്നത്രേ അവരുടെ കൂട്ടം. എന്നാൽ, ഒരു പതിറ്റാണ്ടിലധികം നീണ്ട ആത്മീയ ബൗദ്ധിക ശാരീരിക പ്രക്ഷാളനങ്ങൾക്കൊടുവിൽ തിരുവസ്ത്രമണിയുമ്പോൾ കഷ്ടിച്ച് ഒരു സെവൻസ് ടീമിനുള്ള അംഗബലമേ അവർക്കുണ്ടായിരുന്നുള്ളൂ. കൃത്യമായിപ്പറഞ്ഞാൽ ഒരു യൂദാസിന്റെ കുറവുള്ള അപ്പസ്തോലക്കൂട്ടം മാതിരി പതിനൊന്നു പേർ!

പാതിരിമാരായി പലവഴിക്ക് പറന്നു തുടങ്ങിയിട്ട് വർഷം പത്താകുന്നു എങ്കിലും അവരങ്ങനെ ഒരുമിച്ചു കൂടുന്നത് അത്യപൂർവ്വമായിരുന്നു. വല്ലപ്പോഴും വീണു കിട്ടുന്ന ഈ ചെറിയ കൂടിക്കാഴ്ചകളിലാണ് കാരണമറിയാത്ത ചില സങ്കടങ്ങളുടെ പതിരുകൾ മറ്റാരുമറിയാതെ അവർ പാറ്റിക്കളഞ്ഞിരുന്നത്.

പത്തുവർഷം! അതവരെ വല്ലാതെ മാറ്റിമറിച്ചിരിക്കുന്നു. നരവീണു തുടങ്ങിയ മുടിയിഴകൾ അകാല വാർദ്ധക്യത്തിന്റേതല്ല, അഭൗമ ജ്ഞാനത്തിന്റെ അടയാളങ്ങളത്രേ എന്ന് ഒരാൾ വ്യാഖ്യാനിക്കുകയും മറ്റൊരാൾ അതിനെ പിന്താങ്ങുകയും ചെയ്തു. ചുളിവുകൾ വീണു തുടങ്ങുന്ന മുഖകമലം മോശമായ കാലാവസ്ഥയുടെ ദൂഷ്യഫലമത്രേ എന്നായി പിന്നൊരാൾ. ദുർമേദസ്സിനാൽ ഭാരപ്പെട്ടു പ്രായത്തിൽ കവിഞ്ഞ വളർച്ച പ്രാപിച്ച ഉദരം കഠിനാധ്വാനത്തിന്റേയും വിശ്രമരാഹിത്യത്തിന്റേയും ഉദാത്ത ദൃഷ്ടാന്തങ്ങളായി വിശേഷിപ്പിക്കപ്പെട്ടു. കൃത്യമായ ഇടവേളകളിൽ നിത്യസന്ദർശകരായ ശാരീരിക വേദനകൾ, ദൈവ വിചാരത്തിൽ നിന്നു പിന്തിരിപ്പിക്കാനുള്ള പിശാചിന്റെ പരീക്ഷകളായിരിക്കുമോ എന്നൊക്കെയോർത്ത് അവർ വേവലാതിപ്പെട്ടു. പിന്നെ, പ്രലോഭനങ്ങളെക്കുറിച്ചും പരാധീനതകളെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും സങ്കടങ്ങളെക്കുറിച്ചും കല്ലേറുകളെക്കുറിച്ചും ആകാശത്തിനു കീഴെയുള്ള സകലത്തിനെക്കുറിച്ചും വാതോരാതെ അവർ സംസാരിച്ചു കൊണ്ടിരുന്നു. വാക്കുകൾക്കിടയിലൂടെ മാത്രം കേൾക്കാവുന്ന ചില വിങ്ങലുകളാവട്ടെ കടലിരമ്പത്തിൽ അലിഞ്ഞു പോവുകയും ചെയ്തു.

പലവട്ടം കേട്ടതെങ്കിലും പഴയ തമാശകൾ പറഞ്ഞ് വീണ്ടും വീണ്ടും അവർ പൊട്ടിച്ചിരിച്ചു. ചില കാര്യങ്ങളെക്കുറിച്ച് ആധികാരികമായി പ്രസംഗിച്ചു. മറ്റു ചിലതിൽ ചിന്താധീനരായി. ചില്ലറ പരദൂഷണങ്ങൾ പറഞ്ഞ് സംതൃപ്തിയടഞ്ഞു. കുറെനേരം മൗനപ്പെട്ടു. ചില നേരങ്ങളിൽ, വാ പൊളിച്ച്, കൺമിഴിച്ച് കൊച്ചു കുട്ടികളെപ്പോലെ അദ്ഭുതസ്തബ്ദരായിരുന്നു. സ്ഥലകാലങ്ങളുടെ പരിധികൾ  അതിജീവിച്ച് അവരപ്പോൾ പത്തു വർഷത്തിലേറെ പിന്നിലായിരുന്നു.

ആശയപരമായ വ്യത്യാസങ്ങൾ തോന്നിയെങ്കിലും പരസ്പരം മുറിവേൽപ്പിക്കാൻ കഴിയാത്തവണ്ണം അവരുടെ വായ്ത്തലകൾ ഉള്ളിലേക്കു മടങ്ങിപ്പോയിരുന്നു. ആഞ്ഞുകുത്തിയാൽ വേണമെങ്കിൽ ഒരു ചെറിയ പോറലേൽപ്പിക്കാം എന്നേയുള്ളൂ! മുറിവേൽപ്പിക്കലല്ല, വച്ചുകെട്ടലാണ് പാതിരിമാരുടെ പണിയെന്നു തിരിച്ചറിയാൻ ഒരു പത്തുവർഷത്തെ പഠനവും പിന്നൊരു പത്തുവർഷത്തെ അനുഭവവും വേണ്ടിവന്ന പോലെ!

തിരക്കുകൾക്കിടയിൽ ഒരു ടൈംഔട്ടു വിളിച്ചെന്നപോലെ പൊടുന്നനെ ഒത്തുകൂടിയ ആ കളിക്കാർ ഇപ്പോൾ സമയക്കുറവു കാരണം കടപ്പുറത്തു നിന്നും കുരിശു വരച്ചു മടങ്ങുകയാണ്; എത്ര പൊരുതിക്കളിച്ചാലും ആരും കയ്യടിക്കാനില്ലാത്ത ഒഴിഞ്ഞ ഗാലറികൾക്കു മുന്നിലേക്ക്! അതുകഴിഞ്ഞ്, രാവേറെച്ചെന്നാലും ആരും കാത്തിരിക്കാനില്ലാത്ത ഏകാന്തമായ തച്ചപ്പുരകളിലേക്ക്!

ഫൈനൽ വിസിൽ: ഒരു കാര്യത്തിൽ അവരൊറ്റക്കെട്ടാണ്. എന്തൊക്കെ സഹിച്ചിട്ടാണെങ്കിലും ഇനിയൊരവസരം കൂടി കിട്ടിയാൽ ഈ പാതിരിപ്പണി തന്നെ മതിയത്രെ! എന്തൊരഹമ്മതിയാണ്! എത്ര കിട്ടിയാലും പഠിക്കില്ലെന്നു വച്ചാൽ എന്തു ചെയ്യും!

No comments:

Post a Comment

HISTORY OF - 'ST MARY'S MINOR SEMINARY, MADONA NAGAR -TRICHUR

   The priestly formation of the seminarians of the Archeparchy of Trichur is coordinated under the auspices of St. Mary’s Minor Seminary....